Skip to content

നൽകുനാട് കൊട്ടാരം

ദക്ഷിണേന്ത്യയിലെ കാശ്മീരെന്ന് മറ്റ്ദേശക്കാരും, ഇന്ത്യയിലെ സ്കോട്ട്ലൻ്റന്ന് ബ്രിട്ടീഷുക്കാരും വിളിച്ചു പോന്ന കുടകിൻ്റെ ഭൂപ്രകൃതി നൽകുന്ന അനുഭവങ്ങൾ ആഹ്ലാദകരമാണ്. അതു കൊണ്ട് തന്നെയാണ് ഒരിക്കൽ കുർഗ് സന്ദർശിച്ചൊരാൾ വീണ്ടും വീണ്ടും അവിടേക്ക് പോവുന്നത്. ഏതൊരു സഞ്ചാരിയേയും തൻ്റെ നിത്യകാമുകനാക്കാൻ പോന്ന ദൃശ്യഭംഗി കുടകിനുണ്ട്.ഇത് മൂന്നാമത്തെ യാത്രയാണ് കുടകിലേക്ക്. ഇത്തവണ കൂർഗിലെ വാസ്തുശിൽപ്പങ്ങളെ കൂടുതൽ അടുത്തറിയാനാണ് ശ്രമിച്ചത്. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന കാപ്പിതോട്ടങ്ങൾക്കിടയിലൂടെ തെളിയുന്ന കൂർഗ് ഐൻ’ മനകളുടെ കാഴ്ച മനോഹരമാണ്.

കൂർഗിലെ ഏറ്റവും ഉയരം കൂടിയ തടിയൻ്റമോൾ കൊടുമുടിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു കാലത്ത് വാസ്തുവിദ്യാ ചാരുതയുടെ പ്രതീകമായിരു’ന്ന ലളിതവും മനോഹരവുമായ നൽക്ക് നാട്  കൊട്ടാരത്തെ പരിചയപ്പെടുത്താനാണ് ഈ Blog ലൂടെ ശ്രമിക്കുന്നത്.

ആദ്യമേ ഒരു കഥ പറഞ്ഞു തുടങ്ങാം: മൈസൂർ നവാബായിരുന്ന ഹൈദരലി യുടെ കീഴു ദ്യാഗസ്ഥനും കുടകിലെ രാജാവുമായിരുന്നു. 1780ൽ ലിംഗ രാജ ഒന്നാമൻ അന്തരിച്ചു.ഈ തക്കം നോക്കി ഹൈദരലി ലിംഗ രാജയുടെ കുടുംബാഗങ്ങളെ ഹാസനിലെ ഗോരൂർ കോട്ടയിലേക്ക് മാറ്റി പാർപ്പിച്ചു.രാജാവിൻ്റെ സ്ഥാനചലനത്തിൽ അസംതൃപ്തരായ കുടകിലെ ജനങ്ങൾ ഹൈദരലിക്കെതിരെ കലാപം തുടങ്ങി. രണ്ടാം ആംഗ്ലോ- മൈസൂർ യുദ്ധം രൂക്ഷമായ സമയമായിരുന്നു ഇത്.

1782 ൽ ഹൈദറലിയുടെ മരണത്തെ തുടർന്ന് നവാബായ ടിപ്പു സുൽത്താൻ ലിംഗ രാജയുടെ കുടുംബത്തെ മൈസൂരിലെ പെരിയപട്ടണ കോട്ടയിലേക്ക് മാറ്റി പാർപ്പിച്ചു.ആറു വർഷത്തിനു ശേഷം ലിംഗ രാജ യുടെ കുടുംബത്തെ 1788 ൽ ചില കൂർഗ് സുഹൃത്തുക്കൾ രക്ഷപ്പെടാൻ സഹായിച്ചു. എണ്ണ കച്ചവടക്കാരുടെ വേഷത്തിൽ പെരിയ പട്ടണയിലെത്തി മോചിപ്പിക്കുകയായിരുന്നു.

മടിക്കേരിയിൽ നിന്നും നപ്പോക്ക്ലു വഴി മുപ്പതു കി.മീ സഞ്ചരിച്ചാൽ കക്കോബയിലെത്താം. കക്കോബ അക്കാലത്ത് മലകളും കാടുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു വിദൂര സ്ഥലമായിരുന്നു. യുദ്ധം അവസാനിക്കുന്നത് വരെ രാജാവിനു താമസിക്കാൻ തൻ്റെ ഗ്രാമമായ കക്കോബക്കടുത്തുള്ള യവകപ്പാടിയെ നിർദ്ദേശിക്കുന്നത് കൊതോളിര അച്ചുവണ്ണ എന്നയാളാണ്.ഒരു പുതിയ കൊട്ടാരം പണിയുന്നത് വരെ രാജാവിനെയും കുടുംബത്തെയും അച്ചുവണ്ണ തൻ്റെ തറവാട്ടിൽ താമസിപ്പിച്ചു.

ഇതിനിടയിൽ അച്ചു വണ്ണ കൊട്ടാരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി. പുളിയണ്ട കുടുംബത്തിൻ്റെ കൃഷി ഭുമി യായിരുന്നു അത്. എല്ലാഭാഗത്ത് നിന്നും പ്രകൃതി ദത്തമായ തടസ്സങ്ങളാൽ മറഞ്ഞിരിക്കുന്ന ഈ സ്ഥലം ആക്രമണകാരികൾക്ക് അപ്രാപ്യമായിരുന്നു. അങ്ങിനെയാണ് 1792 നും 1794 നും ഇടയിലാണ്  രണ്ടു നിലയുള്ള കൊട്ടാരത്തിൻ്റെ പണി പൂർത്തിയാക്കിയത്. ടിപ്പു സുൽത്താനെതിരായ ഹലേരി രാജാവ് ദൊഡഢ വീര രാജേന്ദ്രൻ്റ വിജയത്തിൻ്റെ സ്മാരകം കൂടിയാണ് ചരിത്ര പ്രാധാന്യമുള്ള ഈ ഇരുനില കെട്ടിടം.ഒറ്റ നോട്ടത്തിൽ പ്രദേശത്തെ ഐൻ മനെ യാണോ എന്ന് തോന്നിപ്പോവുമെങ്കില്ലും അകത്തു കയറിയാൽ  അതിൻ്റെ രാജകീയ ബന്ധം വിളിച്ചോതുന്ന വിശദാംശങ്ങൾ കാണാം. സങ്കീർണ്ണമായ കൊത്തുപണികൾക്കും ,അമൂല്യമായ ചുവർ ചിത്രങ്ങളും ഈ കൊട്ടാരത്തിൽ നമ്മുക്ക് ദർശിക്കാം.

പ്രവേശന കവാടത്തിലൂടെ അകത്തു കയറുമ്പോൾ ഇടതു വശത്തായി ഒരു മണ്ഡപം കാണാം.അകത്തും പുറത്തും ദേവീദേവന്മാരുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. മകൾ ഭാഗത്ത് നന്തി പ്രതിമയും കാണാം. രാജാക്കന്മാരുടെ കല്യാണം നടത്തുന്നതിനായിട്ടാണ് ഈ മണ്ഢപം ഉപയോഗിച്ചു കൊണ്ടിരുന്നത്.1796ലാണ് ഇത് നിർമ്മിക്കുന്നത്. ദൊഢഢ വീര രാജേന്ദ്രൻ തൻ്റെ നാലാമത്തെ ഭാര്യയായ മഹാദേവമ്മാജിയെ വിവാഹം കഴിക്കുന്നത് ഇവിടെ വെച്ചാണ്.

കൊട്ടാരത്തിലെ പ്രധാന പ്രവേശന കവാടത്തിലെ സോപാനപടികൾ ആകർഷണീയമാണ്. അത് കടന്നു ചെല്ലുമ്പോൾ തടിയിൽ തീർത്ത പില്ലറുകളാൽ അലങ്കരിച്ചിരിക്കുന്ന വരാന്ത കാണാം.ഇതിൻ്റെ സമീപത്തായി അടുക്കളയും നാല് ഇരുണ്ട മുറികളുണ്ട്.

കൊട്ടാരത്തിലെ തുണുകളിൽ ചിത്രീകരിച്ചിരിക്കുന്ന ജ്യാമിതീയ പാറ്റേണിൽ വളച്ചൊടിച്ച നാഗമണ്ടലം പാറ്റേണ് ശ്രദ്ധേയമാണ്. ഹിന്ദു-ജൈന-ബുദ്ധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഈ മാത്യകകൾ നമുക്ക് കാണാം.

കൊട്ടാരത്തിൻ്റെ താഴത്തെ നിലയിൽ രാജാവിൻ്റെ സേവകരും മുകളിലത്തെ നിലയിൽ രാജാവും രാജ്ഞിയും ആണ് താമസിച്ചിരുന്നത്. രാജാവിൻ്റെയും രാജ്ഞിയുടെയും മുറി ചുവർ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. മുകളിലത്തെ നിലയുടെ അകത്തളങ്ങളിലെ കാഴ്ച നയന മനോഹരമാണ്. ഒന്നാമത്തെ നിലയിൽ പ്രധാന വാതിലിനു നേരെ പുറത്തേക്കു നോക്കുന്ന ഒരു ജാലകമുണ്ട്. പുറത്ത് ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി കാണാനും കഴിയും ചുരുക്കത്തിൽ വിശ്രമത്തേക്കാൾ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഈ കൊട്ടാരം നിർമ്മിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *